ഗള്‍ഫ് മാധ്യമത്തിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മേളയായ കമോണ്‍ കേരളയുടെ അഞ്ചാം എഡിഷന് ഈ മാസം 19,20,21 തിയതികളില്‍ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകർതൃത്വത്തില്‍ ഷാർജ എക്സ്പോ സിറ്റിയിലാണ് മേള അരങ്ങേറുക. മേളയോടനുബന്ധിച്ച് മെയ് 18ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സില്‍ നിക്ഷേപക സംഗമം നടക്കും. കമോണ്‍ കേരളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം മെയ് 19ന് വൈകുന്നേരം നാലിന് ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ചെയർമാന് ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ ബിന്‍ ഖാലിദ് അല്‍ഖാസിമി നിർവ്വഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാന് എംഎ യൂസുഫലി മുഖ്യാതിഥിയാകും. മുന്‍ വർഷങ്ങളെ അപേക്ഷിച്ച് മേളയുടെ പകല്‍ സമയങ്ങളിലും സന്ദർശകരെ ആകർഷിക്കുന്ന വിവിധയിനം പരിപാടികള്‍ നടക്കും.
രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷപരിപാടികളില്‍ നടന് കുഞ്ചാക്കോ ബോബന്, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തില്‍ വമ്പന്‍ താരനിര അണിനിരക്കും. ആരോഗ്യം, വിനോദം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്റീരിയർ ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ സ്റ്റാളുമായി ഇന്ത്യയിലേയും യുഎഇയിലേയും സംരംഭകർ അണിനിരക്കും. പത്ത് ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍.
ഷാർജ എക്സ്പോ സെന്ററില്‍ നടന്ന വാർത്താസമ്മേളനത്തില്‍ ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റർ വികെ ഹംസ അബ്ബാസ്, മാധ്യമം ബിസിനസ് ഓപറേഷന്‍സ് ഗ്ലോബല്‍ ഹെഡ് മുഹമ്മദ് റഫീഖ്, ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ മിഡിലീസ്റ്റ് ഓപറേഷന്‍സ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലന്‍, ജോയ് ആലുക്കാസ് ജനറല്‍ മാനേജർ ജസ്റ്റിന് സണ്ണി, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ്, സ്മാർട്ട് ട്രാവല്‍ മാനേജിങ് ഡയറക്ടർ അഫി അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.