അബുദാബിയിൽ നിന്നുള്ള എമിറാത്തി വിദ്യാർത്ഥിനി അംന മുഹമ്മദ് അൽ മൻസൂരിയെ യുഎഇ അറബ് റീഡിംഗ് ചാമ്പ്യനായി പ്രഖ്യാപിച്ചു. മറ്റൊരു എമിറാത്തി വിദ്യാർത്ഥിയായ ഗരീബ് മുഹമ്മദ് അൽ-യമാഹി പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ദുബായിൽ വച്ചാണ് സമ്മാനദാന ചടങ്ങ് നടന്നത്. പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക വകുപ്പ് സഹമന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച അറബ് വായനാ ചലഞ്ച് എക്കാലത്തെയും വലിയ അറബ് സാക്ഷരതാ സംരംഭമായി നിലകൊള്ളുന്നു. ഒരു അധ്യയന വർഷത്തിനുള്ളിൽ 50ലധികം പുസ്തകങ്ങൾ പരിശോധിക്കാൻ വിദ്യാർത്ഥികളെ വെല്ലുവിളിച്ച് വായനയോടുള്ള സ്നേഹം വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ശ്രദ്ധേയമായ അറബിക് വായന മത്സരം അറബ് ലോകത്തെ സ്കൂളുകളിൽ നിന്നുള്ള ഒന്ന് മുതൽ 12 ആം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരിക്കാനുള്ള അവസരമൊരുക്കുന്നത്.
സെപ്റ്റംബറിൽ ആരംഭിച്ച് മാർച്ച് വരെ നീളുന്ന മത്സരത്തിൽ അഞ്ച് ഘട്ടങ്ങൾ ഉൾപ്പെടുന്നു. ഈ ഘട്ടങ്ങളിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ പത്ത് പുസ്തകങ്ങൾ വായിക്കുകയും അവരുടെ ഉള്ളടക്കങ്ങൾ ചലഞ്ച് പാസ്‌പോർട്ടുകളിൽ സംഗ്രഹിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 46 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 24.8 ദശലക്ഷം വിദ്യാർത്ഥികളുടെ റെക്കോർഡ് പങ്കാളിത്തത്തോടെ ഈ ഏഴാം പതിപ്പ് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ വായനാ പരിപാടിയാണ്. കൂടാതെ ശാരീരിക വൈകല്യമുള്ള ആളുകൾക്ക് പുതിയ വിഭാഗവും സൃഷ്ടിച്ചിട്ടുണ്ട്.