സെപ്റ്റംബർ ഒന്നു മുതൽ ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ ഫീസ് കുറയ്ക്കാൻ അബുദാബി കൾചർ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റ് തീരുമാനിച്ചു. എമിറേറ്റിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം സൗഹൃദമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നടപടികൾ. സർക്കാർ ഫീസുകൾ കുറയുന്നതോടെ ഹോട്ടൽ മുറികളുടെ വാടകയിൽ ഗണ്യമായ കുറവുണ്ടാകും.
ഹോട്ടലുകളിൽ താമസിക്കാനെത്തുന്നവരിൽ നിന്ന് ഈടാക്കിയിരുന്ന ടൂറിസം ഫീ ആറിൽ നിന്ന് 4 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഒരു രാത്രിക്ക് ഒരു മുറിയിൽ നിന്ന് ഈടാക്കിയിരുന്ന 15 ദിർഹം മുനിസിപ്പാലിറ്റി ഫീസ് പൂർണമായും ഒഴിവാക്കി.
റസ്റ്ററന്റുകളിൽ നിന്ന് ഇടാക്കിയിരുന്ന ടൂറിസം ഫീയും മുനിസിപ്പാലിറ്റി ഫീസും പൂർണമായും ഒഴിവാക്കി. അതേസമയം ഹോട്ടൽ ബില്ലിന്റെ ഭാഗമായ 4 ശതമാനം മുനിസിപ്പാലിറ്റി ഫീസ് തുടരും.അബുദാബിയിൽ ഈ വർഷം 2.4 കോടി വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളെ കൂടുതലായി എത്തിക്കാൻ അബുദാബിയും യൂറോപ്പുമായി വ്യോമയാന കരാർ ഒപ്പിട്ടിരുന്നു.