കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷയ്ക്ക് (കീം) ഒരുങ്ങി യുഎഇ. ഇന്ത്യയ്ക്കു പുറത്തുള്ള ഏക പരീക്ഷാ കേന്ദ്രമായ ദുബായിൽ 402 പേരാണ് രജിസ്റ്റർ ചെയ്തത്. ജൂൺ 6 മുതൽ 8 വരെ ദുബായ് ഗർഹൂദിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ വച്ച് പരീക്ഷ നടക്കും. എൻജിനീയറിങ് പരീക്ഷയ്ക്ക് 386 പേരും ഫാർമസിക്ക് 16 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
യുഎഇ സമയം രാവിലെ 8.30ന് ദുബായിൽ പരീക്ഷ ആരംഭിക്കും. 7.15നു തന്നെ വിദ്യാർഥികൾ പരീക്ഷാ ഹാളിൽ എത്തിയിരിക്കണം. ബയോമെട്രിക്, ഫെയ്സ് റെക്കഗ്നിഷൻ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. പരീക്ഷയ്ക്കായി എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.
വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ
1) വിദ്യാർഥികൾ 7.15ന് സ്കൂളിൽ എത്തിച്ചേരണം
2) അഡ്മിറ്റ് കാർഡില്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല
3) പരീക്ഷയുടെ ഇടവേളകളിൽ സ്കൂളിന് പുറത്തേക്ക് ആരെയും വിടില്ല
4) വെള്ളവും ലഘുഭക്ഷണവും കരുതണം.
5) രക്ഷിതാക്കൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല
6) പരീക്ഷയ്ക്കുശേഷം സ്കൂളിൽ തങ്ങാൻ വിദ്യാർഥികളെ അനുവദിക്കില്ല
7) പരീക്ഷ തീരുന്നതിന് 15 മിനിറ്റ് മുൻപ് രക്ഷിതാക്കൾ സ്കൂൾ പരിസരത്ത് എത്തിയിരിക്കണം