യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഉടനീളം കൂടുതൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ രാത്രിയിലും മഴ തുടര്‍ന്നതോടെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. രണ്ടുദിവസം മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഷാർജയിലെയും നോർത്തേൺ എമിറേറ്റിലെയും നിരവധി സ്വകാര്യ സ്കൂളുകൾ ഓൺ പഠനത്തിലേക്ക് മാറി.
ഇ-ലേണിംഗ് സംബന്ധിച്ച് സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകൾക്ക് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ജനുവരി 26 സാധാരണ ടൈംടേബിൾ അനുസരിച്ച് ഓൺലൈനായി നടത്തും. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണനയായി തുടരുമെന്നും സ്കൂളുകൾ വ്യക്തമാക്കി.
റോഡുകളില്‍ വെളളക്കെട്ടുണ്ടാകുമെന്നും വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും ദുബായ് ഗതാഗതവിഭാഗവും അറിയിച്ചിട്ടുണ്ട്. അന്തരീക്ഷം ഈര്പ്പമണിഞ്ഞതിനാല് ദൂരക്കാഴ്ചയേയും ബാധിക്കും. തെരുവുകളിൽ വെള്ളക്കെട്ടായതിനാൽ മിക്ക ഭക്ഷണ വിതരണ കമ്പനികളുംറൈഡർമാരുടെ സേവനം കുറച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബുധനാഴ്ച കനത്ത മഴയും ആലിപ്പഴ വർഷവും ഇടിമിന്നലുമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ.
വെള്ളിയാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും അറിയിച്ചിട്ടുണ്ട്. . അതേസമയം തിങ്കളാഴ്ച മുതൽ യുഎഇ 13 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ നടത്തിയതായും അതോറിറ്റികൾ അറിയിച്ചു. 25 ശതമാനം മഴവര്ദ്ധനവിന് ക്ലൗഡ് സീഡിംഗ് കാരണമാണെന്നാണ് വിലയിരുത്തല്‍. ജലസുരക്ഷയുമായി ബന്ധപ്പെട്ടാണ് യുഎഇയുടെ ക്ലൗഡ് സീഡിംഗ് പദ്ധതിയെന്നും അതോറിറ്റി വ്യക്തമാക്കി.