രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇടവേള നീണ്ടുനിൽക്കുക എന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആന്റ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു.
ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ സൗദിയിലെ തുറന്ന ഇടങ്ങളിലും സൂര്യതാപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ് അധികൃതർ സ്ഥാപനങ്ങളെ അറിയിച്ചു. വേനലിലെ കൊടുംചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നിയമം മറികടന്ന് തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.