ഹജ്ജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിലേക്കുള്ള അവരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ഗതാഗത ജനറൽ അതോറിറ്റി (ടിജിഎ) 1,000 ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദിച്ചു.
ഹജ്ജിലെ ഇ-സ്‌കൂട്ടർ സേവനം തീർഥാടകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ചടങ്ങുകൾ നിർവഹിക്കാനുള്ള അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമാണ് ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദിച്ചത്. കഴിഞ്ഞ ഹജ്ജ് സീസണിൽ TGA ട്രയൽ സർവീസ് ആരംഭിച്ചതിന് ശേഷം തുടർച്ചയായി രണ്ടാം വർഷമാണ് ഇ-സ്കൂട്ടറുകൾ വിതരണം ചെയ്യുന്നത്. പുണ്യസ്ഥലങ്ങൾക്കുള്ളിൽ തീർഥാടകരുടെ സഞ്ചാരസമയത്ത് ഇത് ഗതാഗത സമയം കുറയ്ക്കും.
തീർഥാടകരുടെ സുരക്ഷയ്ക്കായി മറ്റ് വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും വേർതിരിച്ച് ഇ-സ്കൂട്ടറുകൾക്കായി അതോറിറ്റി പ്രത്യേക ട്രാക്ക് അനുവദിച്ചിട്ടുണ്ട്. കദാന സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മഹ്‌ബാസ് അൽ-ജിൻ ടണലിൽ അവസാനിക്കുന്ന, ഗ്രാൻഡ് മോസ്‌കിലെ ബാബ് അലി സ്‌റ്റേഷനിലേക്ക് നയിക്കുന്ന 2 കിലോമീറ്റർ നീളമുള്ള രണ്ട് പാതകൾ അങ്ങോട്ടും ഇങ്ങോട്ടും ഉൾക്കൊള്ളുന്നതാണ് ട്രാക്ക്.
ഇ-സ്‌കൂട്ടറുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കുന്നതിനും അറിയിക്കുന്നതിനുമായി ടിജിഎ ഒരു പ്രത്യേക ടീമിനെയും അനുവദിച്ചിട്ടുണ്ട്.