ഒമാനിലെ ടൂറിസം മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് അധികൃതർ. രാജ്യത്ത് പുതിയതായി ആറ് വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി. 2028-2029 ഓടെ അവയിൽ മിക്ക വിമാനത്താവളങ്ങളും പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി അറിയിച്ചു.
പുതിയ വിമാനത്താവളങ്ങൾ സുഹാർ, സലാല, സുഹാർ എന്നീ മേഖലകളിൽ ചരക്കുനീക്കവും ടൂറിസവും അന്താരാഷ്ട്ര ഗതാഗതവും വർധിക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 2028-ന്റെ രണ്ടാം പകുതിയോടെ പുതിയ മുസന്ദം വിമാനത്താവളം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇതിനുവേണ്ടിയുള്ള എല്ലാ പഠനങ്ങളും പൂർത്തിയാക്കുകയും അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ട്.
പുതിയ വിമാനത്താവളങ്ങൾ റൺവേ, ടാക്‌സിവേ, ടെർമിനൽ, സർവീസ്, ബോയിംഗ് 737, എയർബസ് 320 എന്നിങ്ങനെ വലിപ്പമുള്ള വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ അനുയോജ്യമായ ഹാംഗർ ഏരിയ എന്നിവയോടെയാണ് നിർമ്മിക്കുകയെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. പുതിയ ആറ് പദ്ധതികൾ നടപ്പാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും. ഇത് ടൂറിസം ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.