ദുബായ് എക്‌സ്‌പോ സിറ്റിയിലെ എക്‌സിബിഷൻ സെൻ്റർ വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 10 ബില്യൺ ദിർഹത്തിൻ്റെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
പദ്ധതി പ്രകാരം പ്രദർശന സ്ഥലം 58,000 ചതുരശ്ര മീറ്ററിൽ നിന്ന് 1,80,000 ചതുരശ്ര മീറ്ററായി ഉയർത്തും. ഇതോടെ വാർഷിക പരിപാടികളുടെ എണ്ണവും 300-ൽ നിന്ന് 600 ആയി ഉയരും. വിപുലീകരണത്തിന് ശേഷം 2031-ഓടെ മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ എക്‌സിബിഷനും ഇവൻ്റ് ഡെസ്റ്റിനേഷനുമായി വേദിയെ മാറ്റുകയാണ് ലക്ഷ്യം.
5,000-ത്തിലധികം സ്ഥലങ്ങളുള്ള ഒരു ബഹുനില പാർക്കിംഗ് ആയിരിക്കും ഇവിടെ ഒരുക്കുക. ഇതുവഴി സന്ദർശകർക്ക് വേദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും. 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 300 പ്രധാന ഹോട്ടലുകളും കേന്ദ്രത്തിലുണ്ടാകും. ദുബായ് അർബൻ പ്ലാൻ 2040, ദുബായ് ഇക്കണോമിക് അജണ്ട (D33) എന്നിവയ്ക്ക് അനുസൃതമായാണ് പുതിയ തീരുമാനം.