മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പൊലീസ്. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡ്രഗ് പ്രിവൻഷൻ ഫോറം ഷാർജയിൽ ഉദ്ഘാടനം ചെയ്തു. ചില രാജ്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാണെങ്കിലും അത് വിപണനം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ സ്ഥിരമായി സന്ദർശിക്കുന്നതിനെതിരെയാണ് ഷാർജ പൊലീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
മയക്കുമരുന്ന് വിപണനമുള്ള കഫേകളിലും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളിലും പതിവായി പോകുന്ന യുവാക്കളെ നിരീക്ഷിക്കാനും അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുമ്പോൾ അറസ്റ്റ് ചെയ്യാനും മടിക്കില്ലെന്ന് ദുബൈയിലെ പൊലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം വ്യക്തമാക്കി.
‘നമുക്കൊപ്പം ചേരു ഇത് നിർത്താൻ’ എന്ന മുദ്രാവാക്യവുമായി ഡ്രഗ് പ്രിവൻഷൻ ഫോറം ഷാർജയിൽ രൂപീകരിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സായിഫ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിലാണ് ഫോറം രൂപീകരിച്ചത്. ഷാർജ പൊലീസിന്റെ സഹകരണത്തോടെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാ തലങ്ങളിലും മയക്കുമരുന്നിനെതിരെ ബോധവത്കരണ സന്ദേശം എത്തിക്കുന്നതിനായാണ് ഡ്രഗ് പ്രിവൻഷൻ ഫോറം ആരംഭിച്ചത്.