ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മീഖാത്ത് കടക്കാൻ അനുവദിക്കില്ലെന്ന് പൊതുസുരക്ഷ മേധാവി ഡയറക്‌ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ മക്കയിലെ താമസകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് സീസൺ പ്രവർത്തനങ്ങൾക്ക് ഹജ്ജ് സുരക്ഷാ സേന ഇതിനോടകം ഒരുങ്ങിയതായും സുരക്ഷയെയോ നടപടിക്രമത്തെയോ തടസപ്പെടുത്തുന്ന കാര്യങ്ങളെയും നേരിടാൻ സേന സന്നദ്ധമാണെന്നും അധികൃതർ അറിയിച്ചു.
നിയമലംഘകരെ അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. ശവ്വാൽ 15 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാനുള്ള ചുമതലകൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചിരുന്നു .