യുഎൻ ഫോറത്തിന്റെ 18-ാമത് സെഷനിൽ സൗദി അറേബ്യയുടെ ഹരിത നേട്ടങ്ങൾ ഏറെ ശ്രദ്ധ നേടി. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷനാണ് മെയ് 8 മുതൽ12 വരെ ന്യൂയോർക്ക് സിറ്റിയിൽ നടന്ന വനവുമായി ബന്ധപ്പെട്ട യുഎൻ ഫോറത്തിൽ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള വനങ്ങളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായാണ് ഫോറം ചേർന്നത്.
സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ വന വികസനം, സംരക്ഷണം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങൾ, പദ്ധതികൾ, നേട്ടങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പരിപാടി. ദേശീയ വനവൽകരണ പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിനൊപ്പം 60 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും 3,00,000 ഹെക്ടർ വനഭൂമികളും താഴ്‌വരകളും പുനരുജ്ജീവിപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ഫോറം പ്രശംസിച്ചു.
മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള യുഎൻ കൺവെൻഷനിലേക്കുള്ള കോൺഫറൻസ് ഓഫ് പാർട്ടികളുടെ 16-ാമത് സെഷനും സൗദി ആതിഥേയത്വം വഹിക്കും. സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് യുഎൻ ആസ്ഥാനത്ത് വർഷം തോറും യോഗം ചേരാറുണ്ട്.