സുഡാനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന തീർത്ഥാടകരെ സഹായിക്കാൻ സൗദി അറേബ്യൻ അധികൃതർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രത്യേക ഹോസ്റ്റിംഗ് സ്കീമാണ് സൗദി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സന്ദർശകർക്ക് രാജ്യത്ത് കൂടുതൽ കാലം താമസിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്.
സുഡാനീസ് തീർത്ഥാടകർക്ക് അനുവദിച്ച വിസയുടെ കാലാവധി നീട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അറേബ്യയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കാണ് ഈ അവസരം ലഭിക്കുക. മക്കയുടെ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ നിർദേശത്തിലാണ് പദ്ധതി സ്ഥിരീകരിച്ചത്.
ദുരിതബാധിതരായ തീർത്ഥാടകർക്ക് സഹായം വാഗ്ദാനം ചെയ്യുന്നതിനായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ അബ്ഷർ പ്ലാറ്റ്‌ഫോമിൽ ഒരു പ്രത്യേക ‘ഹോസ്റ്റിംഗ്’ സേവനം ആരംഭിച്ചിട്ടുണ്ട്. ഈ സേവനത്തിലൂടെ, പൗരന്മാർക്കും പ്രവാസികൾക്കും സുഡാനീസ് പൗരന്മാർക്ക് ആതിഥേയരായി പ്രവർത്തിക്കാനും തീർത്ഥാടകരുടെ ഉംറ വിസകൾ ചില വ്യവസ്ഥകളോടെ ഫാമിലി വിസിറ്റിങ് വിസ അല്ലെങ്കിൽ വ്യക്തിഗത വിസ എന്നിവയിലേക്ക് മാറ്റാനും സാധിക്കും. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ https://www.absher.sa എന്ന അബ്‌ഷർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് തുടർ നടപടികൾ ഓൺലൈനായി പൂർത്തിയാക്കാമെന്നും പാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.