ദുബായിലെ ഇ- സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കാൻ പുതിയ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രംഗത്ത്. ഗതാഗത വിഭാഗത്തിന് കീഴിലെ എൻ്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് കീഴിൽ വരുന്ന സൈക്കിളുകൾ, ഇ-സ്‌കൂട്ടറുകൾ, മറ്റ് മോട്ടോറൈസ് ചെയ്യാത്ത ഗതാഗത മാർഗ്ഗങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് നിരീക്ഷണ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തനം. യാത്രക്കാർക്ക് യാത്ര സുഗമമാക്കുക, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടി നിശ്ചയിച്ചിട്ടുള്ള ക്രോസിംഗ് ലെയിനുകളിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
വേഗപരിധി നിരീക്ഷിക്കുകയും നിയമലംഘനങ്ങൾ നടന്നാൽ അലേർട്ടുകൾ നൽകുകയും ചെയ്യുന്നതാണ് സംവിധാനം. ഓരോ സോണിലും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും അനുവദിച്ചിട്ടുളള എല്ലാ ക്രോസിംഗ് ലെയ്‌നുകളിലും ട്രാക്കുകളിലും സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോം.