രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറിയായ ഖത്തർ നാഷണൽ ലൈബ്രറിയിലെ ശേഖരങ്ങൾ ഡിജിറ്റലാക്കി മാറ്റുന്നു. ബ്രിട്ടീഷ് ലൈബ്രറിയുമായി ചേർന്ന് നടക്കുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായി നാഷണൽ ലൈബ്രറിയിലെ ചരിത്രരേഖകളും ഗ്രന്ഥങ്ങളും ചിത്രങ്ങളും ഭൂപടങ്ങളും എല്ലാം അടങ്ങുന്ന 24 ലക്ഷത്തോളം പേജുകൾ വിജയകരമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഇതിനോടകം സുരക്ഷിതമാക്കി കഴിഞ്ഞു. അറേബ്യൻ, ഗൾഫ് മേഖലയുടെ തന്നെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന അതുല്യ ശേഖരങ്ങളുടെ ഡിജിറ്റലൈസേഷനാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഖത്തർ നാഷണൽ ലൈബ്രറിയ്ക്ക് കീഴിലുള്ള മുഴുവൻ ശേഖരങ്ങളും 2025ഓടെ ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചിത്രങ്ങൾ, ഭൂപടങ്ങൾ,കൈയെഴുത്ത് പ്രതികൾ, വിവിധ ചരിത്രരേഖകൾ എല്ലാം ആധുനിക സാങ്കേതിക വിദ്യകളുടെ കൂടി സഹായത്താലാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. ഗവേഷകർ, ചരിത്രാന്വേഷികൾ, വിദഗ്ധർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആവശ്യക്കാർക്ക് ഖത്തർ നാഷനൽ ലൈബ്രറിയിലെ ഡിജിറ്റൽ രേഖകൾ ലഭ്യമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം ബ്രിട്ടീഷ് ലൈബ്രറിയുമായുള്ള പങ്കാളിത്തം ഡിജിറ്റൽ ശേഖരങ്ങൾ വിപുലീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി ഖത്തർ നാഷണൽ ലൈബ്രറിയുടെ കളക്ഷൻ ഡയറക്ടർ സ്റ്റീഫൻ ജെ ഇപർട് പറഞ്ഞു. കൂടാതെ കഴിഞ്ഞ ദശകത്തിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ നടന്ന ഇന്ത്യ ഓഫിസ് റെക്കോഡുകളിൽ ഖത്തറിനെയും ഗൾഫ് മേഖലയെയും കുറിച്ചുള്ള ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് സഹകരിച്ചിരുന്നു. ഈ പങ്കാളിത്തം ഖത്തർ ഡിജിറ്റൽ ലൈബ്രറിയിലേക്ക് 24 ലക്ഷത്തിലധികം ചരിത്ര രേഖകളുടെ പേജുകൾ, രേഖകൾ, ഭൂപടങ്ങൾ, ഡയറി എൻട്രികൾ, ഫോട്ടോഗ്രാഫുകൾ, ചാർട്ടുകൾ എന്നിവ ചേർക്കാൻ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.