ഖത്തറില്‍ കാറുകളില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 21 വരെയായിരിക്കും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അല്‍ അബ്ദുല്ല വ്യക്തമാക്കിയിരുന്നു.
ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഡിസംബര്‍ 18നായിരുന്നു ഖത്തർ ദേശീയ ദിനം. അന്ന് രാജ്യത്തെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരുന്നു. ദേശീയ ദിനാഘോഷത്തിനായി വാഹനങ്ങള്‍ സജ്ജമാക്കാനും സ്റ്റിക്കറുകള്‍ പതിക്കാനും, ദേശീയ ദിനത്തിന് മുമ്പ് മൂന്ന് ദിവസം അധികൃതര്‍ അനുവദിച്ചിരുന്നു. അതേപോലെ തന്നെ ദേശീയ ദിനത്തിന് ശേഷം ഇവ നീക്കി വാഹനങ്ങള്‍ പഴയതു പോലെ ആക്കാനും മൂന്ന് ദിവസമാണ് അനുവദിക്കുകയെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പറഞ്ഞിരുന്നു.