ഈദ് പെരുന്നാൾ ദിനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കി ദുബായ് പൊലീസ് രംഗത്ത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിയിരുന്നൂറ് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക. പെട്രോളിംഗിനായി 412 സംഘങ്ങളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊലീസ് ഇടപെടലുണ്ടാകും.
അടിയന്തിര ആവശ്യങ്ങൾക്കായി 122 ആംബുലന്‍സുകളും 62 വാഹനങ്ങളും ഉണ്ടാകും. 422 പാരാമെഡിക്കല്‍ ടീമുകളേയും സജ്ജമാക്കിയിട്ടുണ്ട്. ഈദ് ഗാഹുകളില്‍ പൊലീസ് സുരക്ഷയുണ്ടാകും. പളളികളിലും പൊലീസിന്‍റെ സേവനം ഉറപ്പാക്കും.
അതേസമയം ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരും അപകടസാധ്യതകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകളില്‍ സുരക്ഷാ ബോട്ടുകളുടേയും വാളന്‍റിയര്‍മാരുടേയും സേവനം ഉറപ്പാക്കും. വിവിധ ഇടങ്ങളിലായി 165 ലൈഫ് ഗാര്‍ഡുകളെ വിന്യസിക്കും. സ്വകാര്യ കമ്പനികളിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടേയും വാളന്‍റിയര്‍മാരുടേയും സേവനവും ഉപയോഗപ്പെടുത്തും.
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. വാഹനത്തില്‍ കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകരുത്. പൊതു ഇടങ്ങളിലും ബിച്ചുകളിലും കുട്ടികളെ ഒറ്റയ്ക്ക് വിടരുത് എന്നും പൊലീസ് വ്യക്തമാക്കി.
സംശയാസ്പദമായ കാര്യങ്ങൾ ഉണ്ടെങ്കില്‍ 901 എന്ന നമ്പറില്‍ വിവരങ്ങൾ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അവധി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ ഒഴിവാക്കാനുളള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അറിയിപ്പുണ്ട്.