ഒമാനിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പൊടി മൂടുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഇക്കാര്യം പൊലീസ് ശ്രദ്ധയിൽ പെടുത്തിയത്. നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളും നമ്പറുകളും പൊടിയിൽ മുങ്ങി അവ്യക്തമാകുന്നത് നിയമലംഘനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പൊടിക്കാറ്റിലും മഴയിലെ ചളിയിൽ സഞ്ചരിക്കുന്നത് മൂലവും പലപ്പോഴും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അവ്യക്തമാകുന്നത് സർവ സാധാരണമാണ്. പ്രത്യേകിച്ച് ദീർഘദൂര സഞ്ചാരികളുടെ വാഹനങ്ങളാണ് ഇത്തരത്തിൽ പൊടി മൂടി കിടക്കുന്നതായി കാണുന്നത്. കൂടാതെ സലാല അടക്കമുള്ള സ്ഥലങ്ങളിൽ ഖരീഫ് സീസണിൽ വിനോദസഞ്ചാരികൾ എത്തുന്ന വിവിധ സ്ഥലങ്ങളിലും ഇത്തരം വാഹനങ്ങൾ കാണാറുണ്ട്.
ടാറിട്ട റോഡിലൂടെയല്ലാതെ വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ നമ്പർ പ്ലേറ്റുകൾ ചളിയിലും പൊടിയിലും മുങ്ങുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ നമ്പർ പ്ലേറ്റുകൾ എപ്പോഴും വ്യക്തമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്നും ട്രാഫിക് പൊലീസ് അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.