പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഖത്തറിൽ പുതിയ ഏഴ് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ബസ് റൂട്ട് നവീകരണങ്ങളുടെ ഭാഗമായി രണ്ട് റൂട്ടുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഗവണ്മെന്റിന്റെ പൊതു ഗതാഗത സംവിധാനമായ മുവസാലത്താ( കർവ) ണ് പ്രഖ്യാപനം നടത്തിയത്.
ജൂലൈ 31 മുതൽ പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങും. ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ മുതൽ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ റുവൈസ് മുതൽ അൽ ഖോർ മാൾ, അൽഗരാഫ ബസ് സ്റ്റേഷൻ മുതൽ അൽ മതർ അൽ ഖദീം മെട്രോ സ്റ്റേഷൻ വരെ എന്നിവയാണ് പുതിയ റൂട്ടുകളിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ . L509, L524, L529, R705, T603, T607, T611 തുടങ്ങിയവയാണ് പുതിയ ബസ് റൂട്ടുകളിൽ ഉൾപ്പെടുന്നത്. M210, M302, M311, M315 തുടങ്ങി നാലു പുതിയ മെട്രോ ലിങ്ക് റൂട്ടുകളും അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം വ്യാഴാഴ്‌ച കനത്ത മഴയെ തുടർന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. 2022 ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ നാല് മാസം മാത്രം അവശേഷിക്കവേയാണ് വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്. വേൾഡ് കപ്പ് ഘടനകൾക്ക് സമീപത്തെ തെരുവുകളും കാറുകളും മറ്റും വെള്ളത്തിനടിയിലായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദോഹയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം പരിശോധിക്കാനും അധികാരികളും കരാറുകരും അഴിമതി കാണിക്കുന്നുണ്ടെന്നും ചിലർ ആരോപിച്ചിരുന്നു.