ഗതാഗത നിയമം ലംഘിച്ച 18,486 പേരെ ആറ് മാസത്തിനിടെ നാടുകടത്തി കുവൈത്ത്. കഴിഞ്ഞ 8 മാസത്തിനിടെ 26 ലക്ഷം പേർ നിയമം ലഘിച്ചിരുന്നു. ഇതിൽ 19.5 ലക്ഷം പരോക്ഷ നിയമ ലംഘനങ്ങളായിരുന്നെന്ന് ഗതാഗത ബോധവൽക്കരണ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയ്യാൻ പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്ത 34,751 പേരിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനും എല്ലാ ഗവർണറേറ്റുകളിലും കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ച് പരിശോധന കർശനമാക്കുമെന്നും നവാഫ് അൽ ഹയ്യാൻ വ്യക്തമാക്കി. ഇൻഷുറൻസ് എടുക്കാതെയും യഥാസമയം പുതുക്കാതെയും നിരത്തിലിറക്കുന്ന വാഹനങ്ങളെ പിടികൂടാൻ പ്രത്യേക നിരീക്ഷണ ക്യാമറയും രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്.