ഖത്തറിൽ ഈ വർഷം അഞ്ച് പുതിയ പാർക്കുകൾ ആരംഭിക്കും. നഗരസഭ മന്ത്രാലയത്തിന്റെ കീഴിൽ പൊതുമരാമത്ത് അതോറിറ്റിയാണ് പാർക്കുകൾ നിർമ്മിക്കുന്നത്. ഹസം അൽ മർക്കിയ പാർക്ക്, അൽ തുമാമ ഏരിയയിൽ 2 അൽ ഫുർജാൻ പാർക്കുകൾ എന്നിവയാണ് നിർമ്മാണത്തിലുള്ളത്. ഇവയുടെ നിർമ്മാണപ്രവൃത്തി 90 ശതമാനവും പൂർത്തിയായതായി ദോഹ നഗരസഭയിലെ ഗാർഡൻ വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
24,500 ചതുരശ്ര മീറ്ററിൽ നിർമ്മിക്കുന്ന ഹസം അൽ മർഖിയ പാർക്കിൽ കുട്ടികൾക്കായി വിശാലമായ കളിസ്ഥലം, പാർക്കിങ് സൗകര്യം, ഹരിത ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. അൽ തുമാമയിലെ സോൺ 46, സോൺ 50 എന്നിവിടങ്ങളിലാണ് അൽ ഫുർജാൻ പാർക്കുകൾ നിർമ്മിക്കുന്നത്. മറ്റ് രണ്ട് പാർക്കുകളിലൊന്ന് ദയിലാണ് നിർമ്മിക്കുക. ഈ വർഷത്തിന്റെ അവസാനത്തോടെ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.