ആരുടെയും കരളലിയിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചക്കാണ് കഴിഞ്ഞ ദിവസം ദുബായ് ജയിൽ സാക്ഷ്യം വഹിച്ചത്. തടവറയിലെ ഒറ്റപ്പെടലുകൾക്കിടയിൽ സ്വന്തം മകനെ ഒരു നോക്ക് കാണണമെന്ന പിതാവിന്റെ ആഗ്രഹം സാധിച്ചുനൽകിയിരിക്കുകയാണ് ദുബായ് പൊലീസ്. അപ്രതീക്ഷിതമായി തന്റെ ഏകമകനെ കണ്ടതും വാരിപ്പുണർന്ന പിതാവിന്റെ സ്നേഹത്തിന് മുന്നിൽ അധികൃതരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു.
അവിചാരിതമായാണ് മകന്റെ ചിത്രം വരക്കുന്ന പിതാവ് ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തെറ്റിന്റെ ശിക്ഷയായി ജയിലഴികൾക്കുള്ളിൽ ജീവിക്കുമ്പോഴും തന്റെ മകനെയോർത്ത് വിലപിക്കുന്ന പിതാവിന്റെ വേദന മനസിലാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ തടവുപുള്ളിയെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും വിശദമായി പഠിച്ചു. തുടർന്ന് മറ്റൊരു രാജ്യത്ത് താമസിക്കുന്ന മകനുമായി അധികൃതർ ബന്ധപ്പെടുകയും അദ്ദേഹത്തെ ദുബായിലെത്തിക്കുകയുമായിരുന്നു.
അപ്രതീക്ഷിതമായി മകനെ കണ്ടതും കെട്ടിപ്പിടിച്ച് കരഞ്ഞ പിതാവിന്റെ വേദന ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുകളെയും ഈറനണിയിച്ചു. ‘തടവുകാരുടെ സന്തോഷം’ എന്ന മാനുഷിക സംരംഭത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫാർ പറഞ്ഞു. ജയിലിൽ എത്തുമ്പോൾ ഇയാൾക്ക് കൃത്യമായ ഒരു തൊഴിൽ അറിയില്ലായിരുന്നു എന്നും ജയിൽ വകുപ്പിന്റെ ശിക്ഷണത്തിലാണ് ചിത്രം വരയും കരകൗശല വസ്തുനിർമ്മാണവും പഠിച്ചതെന്നും മറ്റുള്ളവരുമായി വളരെ സൗഹൃദമായി ഇടപഴകുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.