അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉല്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ 1 മുതൽ ഇത്തരം വസ്തുക്കൾ അബുദാബിയിൽ നിരോധിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസിയും അബുദാബി സാമ്പത്തിക വികസന വകുപ്പും അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉല്പന്നങ്ങളായ കപ്പുകൾ, മൂടികൾ, പ്ലേറ്റുകൾ, പാനീയ പാത്രങ്ങൾ, ഉടനടി ഉപയോഗിക്കുന്നതിനുള്ള ഭക്ഷണ പാത്രങ്ങൾ എന്നിവയ്‌ക്കാണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റോറേജ് ബോക്സുകൾ, കൂളറുകൾ, മെഡിക്കൽ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമായിരിക്കില്ല.
സുസ്ഥിരതയുടെ വർഷത്തിൻ്റെ ലക്ഷ്യങ്ങളെ പിൻതുണയ്ക്കുന്നതാണ് പുതിയ നടപടി. 2020 മെയ് മാസത്തിലാണ് അബുദാബി സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസി ആരംഭിച്ചത്. ഇതനുസരിച്ച് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിൽപ്പന നിരോധിച്ചിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.