നാലുവർഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമെത്തിയപ്പോൾ തേടിയെത്തിയത് മൂന്ന് നേട്ടങ്ങൾ. വീണ്ടും ആഗോള ശ്രദ്ധനേടിയിരിക്കുകയാണ് യാംബു പുഷ്പമേള. ലോകത്തെ ഏറ്റവും വലിയ പൂ പരവതാനി ഒരുക്കി നേരത്തെ തന്നെ രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട് യാംബു പുഷ്പമേള. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തിയപ്പോഴും പതിവ് തെറ്റിച്ചില്ല. മൂന്ന് ആഗോള നേട്ടങ്ങൾ, പൂക്കൾ കൊണ്ട് എഴുതിയ ‘സൽമാൻ’ എന്ന ഏറ്റവും വലിയ വാക്കാണ് ആദ്യം. സൗദി ഭരണാധികാരിയുടെ പേരിനെ സൂചിപ്പിക്കുന്ന പൂക്കളാൽ കോർത്തിണക്കിയ ‘സൽമാൻ’ എന്ന വാക്ക് ലോകത്ത് പൂക്കൾ കൊണ്ട് എഴുതിയ ഏറ്റവും വലിയ വാക്കെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. 19,474 ചുവന്ന റോസാപ്പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ടയാണ് രണ്ടാമത്തെ നേട്ടം. വെള്ളയും ചുവപ്പും നിറങ്ങളിലുള്ള 1,27,224 പെറ്റൂണിയ പൂക്കളാണ് ഈ പൂകൊട്ടയുണ്ടാക്കാൻ ഉപയോഗിച്ചിട്ടുള്ളത്. പുനരുപയോഗക്ഷമമായ വസ്തുക്കളാൽ നിർമിച്ച ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃകയാണ് നേട്ടങ്ങളുടെ കൂട്ടത്തിൽ മൂന്നാമത്തേത്. റീസൈക്കിൾ ചെയ്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഈ കൂറ്റൻ റോക്കറ്റിന്റെ നിർമാണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പുഷ്പമേളയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ അതുല്യ ശിൽപം മരം, അലുമിനിയം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി വകുപ്പാണ് നിർമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന പൂന്തോട്ടവുമായി മറ്റൊരു സവിശേഷതയും ഇത്തവണത്തെ പുഷ്പമേളക്കുണ്ട്. രണ്ടര ലക്ഷം പൂക്കൾകൊണ്ട് ഒരുക്കിയതാണിത്.
യാംബു പുഷ്പമേള നൂതന ആശയങ്ങളും അതിശയകരമായ തയ്യാറെടുപ്പുകളും കൊണ്ട് ഓരോ വർഷവും വേറിട്ട് നിൽക്കുന്നതാണ്. ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗമായി യുവജനതയ്ക്ക് പ്രോത്സാഹന നൽകുന്ന പദ്ധതികളും മേളയിലുണ്ട്. യാംബു റോയൽ കമീഷനുകളുടെ മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച മേള മാർച്ച് ഒമ്പത് വരെ 24 ദിവസം നീണ്ടു നിൽക്കും. 11.50 റിയാലാണ് പ്രവേശന ടിക്കറ്റ് ചാർജ്. https://yanbuflowerfestival.com.sa/en എന്ന സൈറ്റിൽ നിന്ന് ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുണ്ട്. എല്ലാ ദിവസങ്ങളിലും മേള സന്ദർശിക്കാൻ ഒറ്റ തവണയെടുക്കുന്ന ടിക്കറ്റ് മതിയാകുമെന്നതാണ് മേളയുടെ മറ്റൊരു പ്രത്യേകത. രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.