ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി താരങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കും. കൂടാതെ ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ പറഞ്ഞു. ഗുസ്തി താരങ്ങൾ കഠിനാധ്വാനം ചെയ്ത് രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്നും താരങ്ങൾ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങളുടെ നിലപാട്. ഇന്ന് വൈകുന്നേരം ആറുമണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കും. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ നിരാഹാര സമരവും ആരംഭിക്കും.
അതേസമയം ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.