കേരള നിയമസഭയിൽ ചരിത്രമായി സ്പീക്കർ എഎൻ ഷംസീറിൻ്റെ തീരുമാനം. സ്പീക്കര്‍ പാനലില്‍ ഇത്തവണ മൂന്ന് പേരും വനിതകളാണ്. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിൽ.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കേണ്ടത് പാനലിലെ അംഗങ്ങളാണ്. ഇത്തവണ സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെ അനുകൂലിച്ച് വനിതകളെ നിർദ്ദേശിച്ചു.
മൂന്ന് പേര് അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് സാധാരണ ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ പാനലിലെ 3 അംഗങ്ങളും വനിതകളാവുന്നത് കേരള നിയമസഭയില്‍ ആദ്യമാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പുസമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നിട്ടുണ്ടെങ്കിലും 32 സ്ത്രീകൾക്കേ അവസരം വന്നിട്ടുള്ളൂ. എഎൻ ഷംസീർ സ്പീക്കർ ആയ ശേഷമുള്ള ആദ്യ സഭ സമ്മേളനമായിരുന്നു.