ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). ഞങ്ങളുടെ പേരാട്ടം ശരിയായിരുന്നു. ഇന്ന് ഞങ്ങൾ ന്യായീകരിക്കപ്പെട്ടിരിക്കുന്നു എന്ന് കുറിച്ചാണ് സംഘടന അഭിപ്രായം വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കിട്ടത്. ഡബ്ല്യു.സി.സി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സമിതിയാണ് ഹേമ കമ്മിറ്റി.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപവത്കരിച്ച കമ്മീഷൻ കൂടിയാണിത്. സിനിമയെക്കുറിച്ച് ഹേമാ കമ്മിറ്റി കാവ്യാക്തകമായി പ്രതിപാദിക്കുന്ന ഭാഗം പരാമർശിച്ചായിരുന്നു ഡബ്ല്യു.സി.സി തങ്ങളുടെ കുറിപ്പ് ആരംഭിച്ചത്.
ഡബ്ല്യു.സി.സി പങ്കിട്ട കുറപ്പ് ഇപ്രകാരമാണ്:
“ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും സുന്ദരമായ ചന്ദ്രനും ഒപ്പം. എന്നാൽ, നക്ഷത്രങ്ങൾ മിന്നിമറയുകയോ ചന്ദ്രനെ മനോഹരമായി കാണുകയോ ചെയ്യുന്നില്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ പഠനം മുന്നറിയിപ്പ് നൽകുന്നു; നിങ്ങൾ കാണുന്നത് വെച്ച് ഒന്നും വിശ്വസിക്കരുത്, ഉപ്പ് കാഴ്ചയിൽ പഞ്ചസാര പോലെയാണ്”!: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
ഇത് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയിൽ മാന്യമായ ഒരിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും നീതിക്കും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ന് നാം ന്യായീകരിക്കപ്പെട്ടിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഡബ്ല്യു.സി.സിയുടെ മറ്റൊരു നടപടിയാണ്. സിനിമാ വ്യവസായത്തിൽ ലിംഗഭേദം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻ്റെ റിപ്പോർട്ട് സിനിമാ ചരിത്രത്തിൽ ഇതാദ്യമാണ്.
ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ വത്സലകുമാരി എന്നിവർ ഈ റിപ്പോർട്ട് തയ്യാറാക്കാൻ ചെലവഴിച്ച മണിക്കൂറുകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. മാധ്യമങ്ങൾ, കേരള സംസ്ഥാന വനിതാ കമ്മീഷൻ, കേരളത്തിലെ ജനങ്ങൾ, എല്ലാ വനിതാ സംഘടനകൾ, അഭിഭാഷകർ എന്നിവരോടും നിരന്തരമായ തുടർനടപടികൾക്കും പിന്തുണയ്ക്കും വിമൻ ഇൻ സിനിമാ കളക്ടീവ് നന്ദി പറയുന്നു.
ശുപാർശകൾ പഠിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, ഇത് തീർച്ചയായും കേൾക്കണം!