ദുബായിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്കും ഡെലിവറി റൈഡർമാർക്കും കർഷകർക്കും മറ്റും മാനുഷിക സഹായമെത്തിക്കാൻ അൽ ഫ്രീജ് ഫ്രിഡ്ജ് കാമ്പെയ്‌നുമായി സന്നദ്ധ സംഘടനകൾ. സൗജന്യ തണുത്ത വെള്ളം, ഐസ്ക്രീം, ജ്യൂസുകൾ, ശീതളപാനീയങ്ങൾ തുടങ്ങി ചൂടിൻ്റെ ആഘാതം കുറയ്ക്കാനാകുന്ന വസ്തുക്കളാണ് വിതരണം ചെയ്യുക.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ,യു.എ.ഇ ഫുഡ് ബാങ്ക് എന്നിവയുടെ പിന്തുണയോടെ ഫുർജാൻ ദുബായ് ഫൌണ്ടേഷനാണ് ക്യാമ്പൈന് നേതൃത്വം നൽകുന്നത്. സമൂഹത്തിൽ അനുകമ്പയുടെയും ദാനത്തിൻ്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗം കൂടിയാണ് ക്യാമ്പൈൻ. 2024ഓഗസ്റ്റ് 23 വരെ തുടരുന്ന അൽ ഫ്രീജ് ഫ്രിഡ്ജ് കാമ്പെയ്‌നിൻ്റെ പ്രയോജനം ഒരു ദശലക്ഷം തൊഴിലാളികൾക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
വേനൽക്കാലത്ത് പ്രാദേശിക കമ്മ്യൂണിറ്റിയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ ഔട്ട്ഡോർ ഏരിയകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഡെലിവറി ഡ്രൈവർമാർക്കും സഹായമെത്തിക്കുന്നതിന് ശീതീകരിച്ച വാഹനങ്ങൾ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഇതുവഴി നിർജ്ജലീകരണം, ചൂട് സമ്മർദ്ദം തുടങ്ങിയ തടയാനും തൊഴിലാളികളുടെ ആരോഗ്യം നിലനിർത്താനാകുമെന്നും കരുതുന്നു.
‘അൽ ഫ്രീജ് ഫ്രിഡ്ജ്’ എന്ന മാനുഷിക കമ്മ്യൂണിറ്റി കാമ്പെയ്ൻ ദുബായ് സമൂഹത്തിൽ അന്തർലീനമായിട്ടുള്ള സംഭാവനയുടെയും അനുകമ്പയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ സിഇഒ ഡോ അബ്ദുൾ കരീം സുൽത്താൻ അൽ ഒലാമ പറഞ്ഞു.