കേരളത്തിന് മുന്നിൽ ഇന്ന് നീറുന്ന നോവായി മാറിയിരിക്കുയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ പോക്സോ കേസിലെ ഇര കൊല്ലപ്പെട്ട ആറ് വയസ്സുകാരി. കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അർജുനെ കോടതി വെറുതെവിട്ട വിധി അങ്ങേയറ്റം രോഷത്തോടെയാണ് ഓരോ മലയാളികളും അതിലുപരി അമ്മമാരും കേട്ടത്.
തന്റെ മകൾക്ക് നീതിലഭിച്ചില്ലെന്ന് പറഞ്ഞ് അലറി കരഞ്ഞ അമ്മയുടെ കണ്ണീരൊപ്പാൻ ആർക്കു കഴിയും? അമ്മ വിളിച്ചു പറഞ്ഞ ഓരോ വാക്കുകളും ഹൃദയത്തിൽ തുളച്ചു കയറുന്നതുപോലെ തോന്നും.
പൂജാമുറിയിലിട്ടാണ് എൻറെ കുഞ്ഞിനെ അവൻ പീഡിപ്പിച്ച് കെട്ടിത്തൂക്കിയത്. ഞാൻ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ എൻറെ കുഞ്ഞിനെയാണ് അവൻ കൊന്നത്. ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവൻ കൊന്നത്. 14 വർഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണ്. എന്ത് നീതിയാണ് കിട്ടിയത്.
നിങ്ങൾക്കും കുഞ്ഞുങ്ങളുള്ളതല്ലെ. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കിൽ നിങ്ങൾ വെറുതെയിരിക്കുമോ. എൻറെ മോൾക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങൾ വെറുതെ വിടില്ല. എൻറെ ഭർത്താവ് അവനെ കൊന്ന് ജയിലിൽ പോകുമെന്നും പെൺകുട്ടിയുടെ അമ്മ അലറി വിളിച്ചുപറഞ്ഞു. കേട്ട് നിന്നവർക്ക് എന്ത് പറഞ്ഞ് ആ അമ്മയെ സമാധാനിപ്പിക്കുമെന്നും അറിയില്ല.
വിധി പറഞ്ഞ ജഡ്ജും ഒരു സ്ത്രീയല്ലെയെന്നും ഇങ്ങനെയാണോ ചെയ്യുന്നതെന്നും എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങളും ആരോപിച്ചു. അവനെ സന്തോഷമായി ജീവിക്കാൻ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങൾ വിളിച്ചുപറഞ്ഞു.
കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
2021 ജൂൺ മുപ്പതിന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. കുട്ടി ക്രൂരപീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത്.അർജുൻ പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അർജുൻ കുടുംബവുമായി അടുപ്പമുള്ള ആളായിരുന്നു . കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ അർജുന്റെ സംരക്ഷണത്തിലാണ് ഏൽപ്പിച്ചിരുന്നത്. വിവിധ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്.2021 സെപ്തംബർ 21ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2022 മെയിൽ വിചാരണ തുടങ്ങി. 48 സാക്ഷികളെ വിസ്തരിച്ചിരുന്നു.