കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കറ്റിട്ടുണ്ട്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം നടന്നത്. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടമുണ്ടാവാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. പുലമൺ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.
അടൂരിൽ നിന്നും പുനലൂരിലേക്ക് വരികയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. അതേസമയത്ത് തന്നെ നെടുമങ്ങാട് ആശുപത്രിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ട്രാഫിക് സിഗ്നലിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സിഗ്നൽ നൽകിയതിനെ തുടർന്നായിരുന്നു ആംബുലൻസ് ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തത്. അപകടത്തിൽ പരുക്കുകളേറ്റവരെ കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.