യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും വളരെ പ്രചാരം നേടിയിട്ടുണ്ട്. രാജ്യത്തെ വീഥികളിൽ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ് ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും
എന്നിരുന്നാലും, ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി അനുസരിക്കേണ്ടതുണ്ട്. നിയുക്ത ട്രാക്കുകളിൽ കൂടി മാത്രമേ സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും ഓടിക്കാൻ സാധിക്കുകയുള്ളൂ.
വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകളെക്കുറിച്ച് വ്യക്തമാക്കുകയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). നിങ്ങളുടെ സൈക്കിളിലോ ഇലക്ട്രിക് സൈക്കിളിലോ ഒരു യാത്രക്കാരനെ കയറ്റുകയാണെങ്കിൽ- 200 ദിർഹം പിഴ ഈടാക്കും. നിങ്ങൾ ഇ-സ്കൂട്ടറിൽ ഒരു യാത്രക്കാരനെ കയറ്റുകയാണെങ്കിൽ 300 ദിർഹം.
ആവശ്യമായ സുരക്ഷാ ഗിയറും ഹെൽമറ്റും ധരിച്ചില്ലെങ്കിൽ 200 ദിർഹം പിഴ. നിയുക്ത ട്രാക്കുകളിൽ ആർടിഎയുടെ വേഗപരിധി പാലിച്ചില്ലെങ്കിൽ 100 ദിർഹമായിരിക്കും പിഴ. നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ നിങ്ങൾ സൈക്കിൾ ഓടിച്ചാൽ 300 ദിർഹം. റോഡുകളിലും ട്രാക്കുകളിലും ദിശാസൂചനകൾ പാലിക്കാത്ത പക്ഷം 200 ദിർഹം. റെസിഡൻഷ്യൽ ഏരിയകളിലും ബീച്ചുകളിലും നിയുക്ത ട്രാക്കുകളുടെ പരമാവധി വേഗത 20km/hr ആണ്, റൈഡർമാർ നിയുക്ത ട്രാക്കുകളും ട്രാഫിക് ദിശകളും പാലിക്കണം.