സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം നിർദേശിച്ചു. സൗദിയിലെത്തിയതിന് ശേഷം 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി രാജ്യത്ത് താമസിക്കാനുള്ള കാലയളവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ഓൺലൈൻ ഉംറ വിസകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇഷ്യു ചെയ്ത വിസകളിൽ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ഏതാണ് ആദ്യം എത്തുന്നത് അതാണ് രാജ്യത്ത് താമസിക്കാനുള്ള പരമാവധി കാലയളവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തീർത്ഥാടകർക്ക് ആ കാലാവധിക്ക് മുമ്പ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും.
എന്നാൽ ഇതിനുമുമ്പ്, വിസ ലഭിച്ച് 90 ദിവസത്തിനുള്ളിൽ സൗദിയിലെത്തുകയും അല്ലാത്തപക്ഷം വിസ കാൻസൽ ആകുകയും ചെയ്യുമായിരുന്നു. എന്നാൽ സൗദിയിലെത്തിയാൽ പരമാവധി 90 ദിവസമാണ് താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. ഹജ്ജ് സീസണിന് മുന്നോടിയായാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്.