എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാൻ ആറ് നിയമങ്ങൾ പുറപ്പെടുവിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവയ്ൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് നിയമങ്ങൾ പുറപ്പെടുവിച്ചത്. മേഖലയുടെ വളർച്ചയും നഗരവികസനവും ലക്ഷ്യമിടുന്നതാണ് പുതിയ നിയമങ്ങൾ.
2023ലെ രണ്ടാം നമ്പർ നിയമം അനുസരിച്ച് അനുസരിച്ച് ഇടക്കാല റിയൽ എസ്റ്റേറ്റ് രജിസ്‌റ്റർ സ്ഥാപിക്കുന്നതിനും എമിറേറ്റിലെ പ്രോപ്പർട്ടി രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പ്രധാന നിയമം
എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വികസന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, എല്ലാ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെയും വിലനിർണ്ണയം, നിക്ഷേപകരുടെയും റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും സ്വത്ത് സംരക്ഷണം എന്നിവയക്ക് അനുസൃതമായി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് എസ്ക്രോ അക്കൗണ്ടുകൾ നൽകുന്നതുമായി ബന്ധപ്പെട്ടതാണ് 2023 ലെ നിയമം നമ്പർ 3.
റിയൽ എസ്റ്റേറ്റ് എസ്‌ക്രോ അക്കൗണ്ടുകളെക്കുറിച്ചുള്ള 2007 ലെ മൂന്നാം നമ്പർ നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ച് 2023 ലെ നിയമം നമ്പർ 4 വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് വിൽപ്പന ഇടപാടുകൾ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിനും ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിയമം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
യുഎഇയിലെ സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ അനുസരിച്ച് ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി വകുപ്പ് മുഖേന മോർട്ട്ഗേജ് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും രജിസ്റ്റർ ചെയ്യാത്ത മോർട്ട്ഗേജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ലംഘനങ്ങൾക്കും പരിഹാരം കാണുന്നതിനും 2023 ലെ നമ്പർ 5 നിയമം വ്യവസ്ഥ ചെയ്യുന്നു.
റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളിൽ കാലതാമസമോ തടസ്സങ്ങളോ ഉണ്ടാകുമ്പോൾ നിക്ഷേപകൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സാധ്യമാകുമ്പോൾ അത്തരം പ്രോജക്റ്റുകൾ പൂർത്തീകരിക്കുമെന്ന് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ് 2023 ലെ നമ്പർ 6 നിയമം.
റദ്ദാക്കിയതും അപൂർണ്ണവുമായ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനും നിയമം നമ്പർ 6 വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒപ്പം എല്ലാ ബ്രോക്കറേജ് പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതാണ് നിയമം നമ്പർ 7.