സാമ്പത്തിക പ്രതിസന്ധിയി മൂലം ബുദ്ധിമുട്ടുന്ന പാക്കിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറാൻ ഒരുങ്ങുന്നു. രാജ്യാന്തര നാണയ നിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നീക്കം. പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാറിലൂടെ പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.
ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇന്റർ–ഗവൺമെന്റൽ കൊമേഴ്സ്യൽ ട്രാൻസാക്‌ഷൻസ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. കൂടാതെ കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിൽ കരാറിലെത്താൻ ഒരു സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനം, നിക്ഷേപം, അറ്റകുറ്റപ്പണികൾ, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കുന്നതും ഇവരുടെ ചുമതലയാണ്.
കഴിഞ്ഞ വർഷമാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ കണ്ടെയ്നെർസ് ടെർമിനൽസിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിന് യുഎഇ സർക്കാർ താൽപര്യം പ്രകടിപ്പിച്ചത്. ഇനി മുതൽ അബുദാബി(എഡി) പോർട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്സിനാകും തുറമുഖത്തിന്റെ പൂർണ്ണ നിയന്ത്രണ അവകാശം. യുഎഇയിലെ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ നിയന്ത്രിക്കുന്നത് എഡി പോർട്സ് ഗ്രൂപ്പ് ആണ്.