യുഎഇ നടപ്പാക്കുന്ന നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറസ് പദ്ധതിയിൽ പിഴയില്ലാതെ അംഗമാകാനുളള അവസരം പത്ത് ദിവസം കൂടി മാത്രം. യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിക്ക് അർഹരായ പൗരന്മാരോടും,വിദേശികളായ താമസക്കാരോടും 2023 ഒക്ടോബർ 1 ന് മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം.
സമയപരിധി കഴിഞ്ഞാൽ 400 ദിർഹം പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. തൊഴിലുടമകൾക്ക് ജീവനക്കാരെ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത് ജീവനക്കാരൻ്റെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലേയും ഫെഡറൽ മേഖലകളിലേയും എല്ലാ തൊഴിലാളികൾക്കും പൗരന്മാർക്കും , വിദേശികളായ താമസക്കാർക്കുംം നിക്ഷേപകർക്കും, ബിസിനസ് മേഖലയിലുളളവർക്കും ഗാർഹിക തൊഴിലാളികക്കും താത്കാലിക ജീവനക്കാർക്കും നിയമം ബാധകമാണ്.
ILOE(ഇൻവോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെൻ്റ് ) ഇൻഷുറൻസ് വെബ്സൈറ്റ്( www.iloe.ae, ILOE )വഴിയൊ, സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ, കിയോസ്ക്കുകൾ, ബിസിനസ് സേവന കേന്ദ്രങ്ങൾ, എക്സ്ചേഞ്ച് കമ്പനികൾ ബാങ്കുകളുടെ സ്മാർട്ട്ഫോൺ വഴിയൊ പദ്ധതിയിൽ അംഗമാകാൻ കഴിയും.