മഴയ്ക്ക് ശേഷം കൊതുക് നശീകരണ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് യു.എ.ഇ. രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ കൊതുക് പെരുകുന്ന ഹോട്ട്‌സ്‌പോട്ടുകൾ ഇല്ലാതാക്കുന്നതിനും കൊതുക് ശല്യം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) അറിയിച്ചു.
യുഎഇയിൽ അടുത്തിടെ പെയ്ത മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനഞ്ഞ പ്രദേശങ്ങളിലും കൊതുകുകൾ പെരുകാനുള്ള സാധ്യത ഏറെയാണ്. കൊതുകു നശീകരണ കാമ്പെയ്‌നിൻ്റെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി, ആരോഗ്യ-പ്രതിരോധ മന്ത്രാലയവും എമിറേറ്റ്‌സ് ഹെൽത്ത് സർവീസസും (ഇഎച്ച്എസ്) കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
കൊതുകുകൾ വ്യാപകമായ പ്രദേശങ്ങളിൽ അവയെ നിയന്ത്രിക്കുന്നതിന് ഏറ്റവും ഉയർന്ന നിലവാരമുള്ള അത്യാധുനിക അന്താരാഷ്ട്ര സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ഇത്തരം ചുറ്റുപാടുകളിൽ കൊതുകുകളുടെ വ്യാപകമായ സാന്നിധ്യം തിരിച്ചറിഞ്ഞ് ജലാശയങ്ങളിലെ കൊതുകുകളെ നിയന്ത്രിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും MoCCAE പ്രസ്താവനയിൽ പറഞ്ഞു.