ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കണ്ടെയ്‌നറുകളിലായി കടത്താൻ ശ്രമിച്ച 13 ടണ്ണിലധികം ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ബില്യൺ ദിർഹത്തിൽ അധികം വിലവരുന്നതാണ് പിടിച്ചെടുത്ത ഗുളികകൾ.
സംഘത്തെ തിരിച്ചറിഞ്ഞ പൊലീസ് കൃത്യമായ നിരീക്ഷണം നടത്തിയാണ് സംഘംഗങ്ങളെ അറസ്റ്റ് ചെയ്തതും കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തതും. വിവിധ എമിറേറ്റുകളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. സംശയിക്കുന്ന കണ്ടെയ്നറുകൾ പിടികൂടി പരിശോധിച്ചപ്പോഴാണ് വ്യാപ്തി വ്യക്തമായത്.
651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായാണ് ക്രിമിനൽ സംഘം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കാര്യക്ഷമമായ പോലീസ് ഓപ്പറേഷനിലൂടെയാണ് ആറ് പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് വ്യക്തമാക്കി. പരിശോധനയ്കക്കും നിയമ നടപടികൾക്കും നേതൃത്വം നൽകിയ ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിക്കും ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ ആൻ്റി നാർക്കോട്ടിക് വർക്ക് ടീമിനും അദ്ദേബം അഭിനന്ദനം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷിതത്വത്തിലും സ്ഥിരതയിലും കൈകടത്താൻ തുനിയുന്നവർക്കെതിരേ യുഎഇ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. യുഎഇയ്ക്ക് പുറമെ അന്താരാഷ്ട്ര സമൂഹം സംഘടിതമായി മയക്കുമരുന്നിനെതിരേ വിപുലമായ ഓപ്പറേഷനുകളാണ് നടപ്പാക്കുന്നത്.