ദേശീയ ആളോഹരി വരുമാനത്തിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനം നേടി യുഎഇ. യുഎഇയിലെ ആളോഹരി വരുമാനം വർധിച്ച സാഹചര്യത്തിലാണ് രാജ്യം പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിയത്. 48,950 യു.എസ് ഡോളർ ആണ് യുഎഇയുടെ ആളോഹരി വരുമാനം. ലോകബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ലോകബാങ്ക് രാജ്യങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് അറ്റ്ലസ് രീതിയനുസരിച്ചാണ്. ഇതുപ്രകാരം കുറഞ്ഞ വരുമാനക്കാർ, താഴ്ന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന വരുമാനക്കാർ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഉയർന്ന വരുമാനക്കാരായ രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഇടംപിടിച്ചത്. അറ്റ്ലസ് രീതി പ്രകാരം യുഎഇയിലെ ആളോഹരി വരുമാനം കഴിഞ്ഞ തവണ 43,460 ആയിരുന്നത് വർധിച്ചാണ് ഇത്തവണ 48,950 യു.എസ് ഡോളർ ആയത്.
ഇന്റർനാഷനൽ ഡോളറിൽ 10,781 ആയിരുന്ന പി.പി.പി(പർച്ചേസിങ് പവർ പാരിറ്റി) 2022ൽ 87,729 ഡോളറായാണ് വർധിച്ചത്. വിവിധ രാജ്യങ്ങളുടെ വാങ്ങൽ ശേഷി താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് ഇന്റനാഷനൽ ഡോളർ. ഏറ്റവും പുതിയ ലോകബാങ്ക് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഇടം നേടിയിരിക്കുന്നത്.