നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ച് യുഎഇ – ഖത്തർ എംബസികൾ. അബുദാബിയിലെ ഖത്തർ എംബസി, ദുബൈയിലെ ഖത്തർ കോൺസുലേറ്റ്, ദോഹയിലെ യുഎഇ എംബസി എന്നിവയാണ് പ്രവർത്തനം പുനരാരംഭിച്ചത്.
ഗൾഫ് ഉച്ചകോടിയിൽ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചുകൊണ്ടാണ് ഒപ്പുവച്ച അൽ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് നയതന്ത്ര ബന്ധം പുനരാരംഭിച്ചത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ നഹ്യാനും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി.
അൽ ഉല കരാർ ഒപ്പുവച്ചതിന് ശേഷം ഖത്തറിലെ സൗദി, ഈജിപ്ത് രാജ്യങ്ങളുടെ എംബസികൾ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ബഹ്റിനുമായുള്ള ബന്ധം പുനസ്ഥാപിച്ച് ഇരു രാജ്യങ്ങൾക്കിടയിലും വ്യോമ ഗതാഗതം പുനരാരംഭിച്ചത് അടുത്തിടെയാണ്.