യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് രാജ്യത്ത് പെയ്തിറങ്ങിയത്. മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പഠിക്കാൻ നിർദേശം നൽകിയത്. ദുരിത ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്റ് നിർദേശിച്ചു.
പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.