മനുഷ്യത്വത്തിനും, മാനവിക സമൂഹത്തിന്റെ വികസനത്തിനും യുഎഇ ശക്തമായ പിന്തുണ നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്. 51-ാമത് യുഎഇ ദേശീയ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. പ്രസിഡന്റെന്ന നിലയിൽ ശൈഖ് മുഹമ്മദിന്റെ ആദ്യ ദേശീയ ദിന പ്രസംഗമാണ് നടന്നത്.
ഭൂതകാലത്തിന്റെ പാഠങ്ങൾ ഓർമ്മിപ്പിക്കാനും വർത്തമാനകാലത്തെ അവബോധത്തോടും ധ്യാനത്തോടും കൂടി നോക്കാനുമുള്ള ദിനമാണ് ഡിസംബര്‍ -2 എന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലേക്ക് പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും നോക്കേണ്ടതുണ്ടെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പൗരന്മാരുടെ പരിപാലനം, സംരക്ഷണം, വികസനം, സർഗ്ഗാത്മകത, സ്വയം സ്ഥിരീകരണം എന്നിവയുടെ എല്ലാ വഴികളും അവർക്ക് മുന്നിൽ തുറക്കുക എന്നതാണ് മുൻഗണന, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, രോഗങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യം എന്നിവയ്ക്കെതിരായും പോരാടും. ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവ് വർധിപ്പിക്കുന്ന എല്ലാവിധ ഇടപെടലുകൾക്കും യുഎഇ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ദിനം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്. പുതിയ ഊർജ്ജം കണ്ടെത്താനും ദൃഢനിശ്ചയത്തോടെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും കഴിയണം. ഓരോ എമിറാത്തിയുടെയും ആത്മാവുമായും മാതൃരാജ്യവുമായും ഉടമ്പടി പുതുക്കാനുള്ള അവസരം കൂടിയാണ് ദേശീയ ദിനമെന്നും അദ്ദഹം ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ 50 വര്‍ഷംകൊണ്ട് നേടിയ മൂല്യങ്ങൾ തുടരാന്കഴിയണമെന്നും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് ഓര്‍മ്മിപ്പിച്ചു.