സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വിമത വിഭാഗത്തിന് ആയുധങ്ങൾ എത്തിച്ചെന്ന ആരോപണം നിഷേധിച്ച് യുഎഇ. സുഡാനിൽ ഏപ്രിൽ മുതൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിൽ ഒരുതരത്തിലുമുള്ള സഹായവും യുഎഇ വിമതർക്ക് നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറഫ അൽ ഹമേലി പറഞ്ഞു. സുഡാനിലെ സംഘർഷത്തിൽ പക്ഷം പിടിക്കാൻ യുഎഇ ഇതുവരെ ശ്രമിച്ചിട്ടില്ല. സംഘർഷം അവസാനിപ്പിക്കാനും സുഡാന്റെ പരമാധികാരം സംരക്ഷിക്കാനുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും വെടിനിർത്തലിനുമാണ് യുഎഇ ആഹ്വാനം ചെയ്തത്. സുഡാനിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നയതന്ത്ര ചർച്ചകളിലൂടെ തർക്ക പരിഹാരത്തിനാണ് രാജ്യം ശ്രമിച്ചത്. രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിന് എല്ലാ പിന്തുണയും യുഎഇ വാഗ്ദാനം ചെയ്യുന്നുണ്ട്. സുഡാനിൽ ദുരിതം അനുഭവിക്കുന്നവർക്കായി തുടർന്നും സഹായം എത്തിച്ചുനൽകുമെന്നും അറഫ അൽ ഹമേലി പറഞ്ഞു.