യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്. അമ്പത് ശതമാനം ഇളവാണ് ലഭിക്കുക.
നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്ക് ഫുജേറയില്‍ പിഴയിളവ് ലഭിക്കും. നവംബര്‍ 26ന് മുമ്പ് നടത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. . ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനൊപ്പം ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കും. 2022 ഡിസംബര്‍ ഒന്നു മുതല്‍ 2023 ജനുവരി ആറു വരെയാണ് ഉമ്മുല്‍ഖുവൈനില്‍ ഇളവ് അനുവദിക്കുക. ഒക്ടോബര്‍ 31ന് മുമ്പുള്ള ട്രാഫിക് നിയമലംഘനങ്ങ പരിധിയില്‍ ഉൾപ്പെടുത്തും. നവംബർ 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെയാണ് അജ്മാനിലെ പിഴയിളവ് കാലാവധി. നവംബര്‍ 11ന് മുമ്പുളള പിഴകളാണ് പരിഗണിക്കുക.
പൊലീസ് വെബ്‌സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ പിഴകള്‍ അടയ്ക്കാം. അതേസമയം ഗുരതര ഗതാഗത കുറ്റങ്ങളില്‍ അകപ്പെട്ടവര്‍ക്ക് ഇളവുകൾ അനുവദിക്കില്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയവ ഗുരതര നിയമ ലംഘനങ്ങളുടെ പട്ടികയില്‍ വരുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.