ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കുന്ന രേഖകൾ കുറ്റമറ്റതാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. രേഖകൾ അപൂർണമോ അവ്യക്തമോ ആണെങ്കിൽ സമർപ്പിച്ച ദിവസം മുതൽ 30 ദിവസത്തിനു ശേഷം അപേക്ഷ റദ്ദാക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
മൂന്ന് തവണ സമർപ്പിച്ചിട്ടും ന്യൂനത പരിഹരിക്കാനായില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ വീസ ഇഷ്യൂ ചെയ്യുന്നതിന് അടച്ച തുക മാത്രമായിരിക്കും അപേക്ഷകന് തിരികെ നൽകുക. സർക്കാരിന്റെ വിദഗ്ധ സമിതിയാണ് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് രേഖകൾ പരിശോധിച്ച് ഗോൾഡൻ വീസ അനുവദിക്കുന്നത്.
അതേസമയം വീസ മാർഗ നിർദേശങ്ങളിലും വ്യവസ്ഥകളിലും മുന്നറിയിപ്പില്ലാതെ മാറ്റം വരാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപേക്ഷകളിലും അനുബന്ധ രേഖകളിലും വ്യക്തത ഉണ്ടെങ്കിൽ കാലതാമസം നേരിടാതെ വീസ ലഭിക്കും. വെബ്സൈറ്റ് വഴിയോ ആപ് ഉപയോഗിച്ചോ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടെത്തിയോ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത തുക ഫീസ് അടയ്ക്കുന്നതോടെ അപേക്ഷകന് മൊബൈൽ സന്ദേശം ലഭിക്കും. ശേഷം അപേക്ഷയുടെ പുരോഗതിയറിയിച്ച് ഓരോ ഘട്ടങ്ങളിലും സന്ദേശം നൽകും. ഓരോ മേഖലയിലും ഗോൾഡൻ വീസയ്ക്കുള്ള വ്യവസ്ഥകൾ വ്യത്യസ്തമാണ്.
വ്യത്യസ്ത മേഖലകൾക്കുള്ള വ്യവസ്ഥകൾ
നിക്ഷേപക ഗോൾഡൻ വീസ
നിക്ഷേപ രംഗത്തെ ഗോൾഡൻ വീസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടിൽ നിന്നുള്ള സാക്ഷ്യപ്പത്രമാണ് ഹാജരാക്കേണ്ട പ്രധാന രേഖ. യുഎഇയിൽ 20 ലക്ഷം ദിർഹത്തിൽ കുറയാത്ത നിക്ഷേപം ഉണ്ടായിരിക്കണം. അല്ലെങ്കിൽ കാലാവധിയുള്ള വ്യവസായ വാണിജ്യ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് അപേക്ഷയ്ക്കൊപ്പം നൽകണം.
കൂടാതെ കമ്പനി രൂപീകരണത്തിൽ നിക്ഷേപകന്റെ പങ്കാളിത്തം ബോധിപ്പിക്കുന്ന കരാർ പകർപ്പോടെ സമർപ്പിക്കുകയും വേണം. 20 ലക്ഷം ദിർഹത്തിൽ കുറയാത്ത തുക മൂലധനമുള്ളതാകണം കമ്പനി എന്ന വ്യവസ്ഥയുമുണ്ട്. അല്ലെങ്കിൽ അപേക്ഷകൻ ഇതേ തുക നിക്ഷേപമുള്ള കമ്പനിയുടെ പങ്കാളി ആയിരിക്കണം. മാത്രമല്ല, പ്രതിവർഷം സർക്കാരിലേക്ക് രണ്ടര ലക്ഷം ദിർഹം നികുതി അടയ്ക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റിയിൽ നിന്നുള്ള രേഖയും ഗോൾഡൻ വീസയ്ക്ക് പരിഗണിക്കും.
റിയൽ എസ്റ്റേറ്റ് വീസ
എമിറേറ്റിൽ റിയൽ എസ്റേറേറ്റ് രംഗത്തെ റജിസ്ട്രേഷൻ രേഖയാണ് പ്രധാന രേഖ. 20 ലക്ഷം ദിർഹമോ അതിൽ കൂടുതലോ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമയാണ് എന്നതാണ് ഇതിലൂടെ അപേക്ഷകൻ ബോധ്യപ്പെടുത്തേണ്ടത്. ബാങ്ക് വായ്പകൾ ഇല്ലാത്തതാകണം ഉടമസ്ഥതയിലുള്ള വസ്തുക്കൾ എന്ന വ്യവസ്ഥയുമുണ്ട്.
വ്യവസായ രംഗം
വ്യവസായ രംഗത്ത് ഉള്ളവർക്ക് ഗോൾഡൻ വീസയ്ക്ക് അംഗീകൃത ഓഡിറ്ററുടെ രേഖയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. കൂടാതെ അഞ്ച് ലക്ഷം ദിർഹത്തിൽ കുറയാത്ത സംരംഭത്തിന്റെ ഉടമയാണ് അപേക്ഷകൻ എന്ന് കൂടി തെളിയിക്കണം.
ആരോഗ്യമേഖല
ആരോഗ്യമേഖലയിലെ പ്രതിഭകൾക്ക് ഗോൾഡൻ വീസ ലഭിക്കാൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സാമൂഹിക, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ സേവന മികവിന്റെ പത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. എമിറേറ്റ്സ് സയന്റിസ്റ്റ്സ് കൗൺസിലിന്റെ ശുപാർശയും ഗോൾഡൻ വീസയ്ക്കായി പരിഗണിക്കും.
എക്സിക്യൂട്ടീവുകൾ
മാനേജർ, എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർക്ക് അരലക്ഷം ദിർഹത്തിൽ കുറയാത്ത വേതനം ലഭിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന ശമ്പള പത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അടിസ്ഥാന രേഖ.
കായിക രംഗം
കായിക രംഗത്തുള്ളവർ സ്പോർട്സ് കൗൺസിലിന്റെ പത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വിദ്യാർഥികൾക്ക്
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റു രംഗത്തെ പ്രതിഭകൾക്കും പ്രതിഭാധനരായ വ്യക്തികൾക്കും പ്രാദേശിക സർക്കാർ കേന്ദ്രങ്ങളിൽ നിന്നുള്ള അംഗീകാരപത്രവും സാക്ഷ്യപത്രങ്ങളുമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അനുബന്ധ രേഖകൾ. ഏത് രംഗത്തെ ഗോൾഡൻ വീസ എന്നതിന് അനുസരിച്ചാണ് അപേക്ഷയ്ക്കൊപ്പം രേഖകൾ നൽകേണ്ടതെന്ന് അതോറിറ്റി അറിയിച്ചു.