യുഎഇ സ്‌പേസ് ഏജൻസിയും ഫെഡറൽ കോമ്പറ്റിറ്റീവ്‌നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററും സംയുക്തമായി നടത്തിയ 2021-ലെ സ്‌പേസ് ഇക്കണോമിക് സർവേ ഫലം പ്രസിദ്ധീകരിച്ചു. യുഎഇ സ്‌പേസ് ഏജൻസി ചെയർപേഴ്‌സൺ സാറ അൽ അമീരി, ഫെഡറൽ കോമ്പറ്റിറ്റീവ്‌നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡയറക്ടർ ഹനാൻ അൽ അഹ്‌ലി എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് യുഎഇയുടെ ബഹിരാകാശ മേഖലയിലെ മൊത്തം ചെലവിൽ 6.61 ശതമാനം വർധനവുണ്ടായതായി സർവേ വെളിപ്പെടുത്തി. സർക്കാർ ചെലവ് 55.7 ശതമാനവും വാണിജ്യ ചെലവ് 44.3 ശതമാനവുമാണ്. റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ചെലവിൽ 14.8 ശതമാനവും വർധനയുണ്ടായി. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ആർ.ആന്റ്.ഡി മൊത്തം തുകയുടെ 76.8 ശതമാനമാണ്. യുഎഇ ഗവൺമെന്റ് അടുത്ത 50 വർഷത്തേക്ക് ബഹിരാകാശ മേഖലയ്ക്ക് മുൻഗണന നൽകുമെന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടും വ്യവസായം വികസിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും സർവേ വിലയിരുത്തി.
ബഹിരാകാശ മേഖലയിലെ തൊഴിലാളികളുടെ 38.5 ശതമാനം എമിറാത്തി പൗരന്മാരാണെന്നും കൂടാതെ 59.2 ശതമാനം ജീവനക്കാരും എമിറാത്തി യുവാക്കളാണെന്നും സർവേ വ്യക്തമാക്കുന്നു. ബഹിരാകാശവുമായി ബന്ധപ്പെട്ട സംഘടനകൾ നൽകുന്ന സേവനങ്ങളിൽ നിന്നും ആപ്ലിക്കേഷനുകളിൽ നിന്നും പ്രയോജനം നേടുന്ന സ്ഥാപനങ്ങളിൽ 54.4 ശതമാനം യുഎഇയിൽ അധിഷ്ഠിതമാണെന്നും ആശയവിനിമയ മേഖലയാണ് ഏറ്റവും വലിയ ഗുണഭോക്താവെന്നും സർവേ വെളിപ്പെടുത്തി. കൂടാതെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ 83.6 ശതമാനവും വർധനവുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.