ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനം. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്ത്യയിൽ ഘട്ടംഘട്ടമായി ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.
രാജ്യത്ത് ക്യാൻസറിനും മറ്റ് അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ ജിഎസ്ടി നീക്കംചെയ്തു. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫുഡ് ഫോർ സ്പെഷ്യൽ മെഡിക്കൽ പർപ്പസ് (എഫ്എസ്എംപി) എന്നിവയുടെ ഇറക്കുമതിക്കാണ് ജിഎസ്ടി ഒഴിവാക്കിയത്. ഇതോടെ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ മരുന്നിന്റെ വില കുറയും. രോഗികളായ സാധാരണക്കാർക്ക് ഏറെ ഗുണപ്രദമാകുന്നതാണ് ഈ തീരുമാനം.
സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തിയറ്ററുകളിലും ഇനി ഭക്ഷണം ലഭിച്ചുതുടങ്ങും. കൂടാതെ ഓൺലൈൻ ഗെയിമുകൾക്ക് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനും തീരുമാനമായി. ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്കാണ് ജിഎസ്ടി ഏർപ്പെടുത്തുക. മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി. ഇതിൽ സെഡാനുകൾ ഉൾപ്പെടുത്തിയിട്ടില്ല. സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കി.
ഘട്ടംഘട്ടമായി ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഒരു ജുഡീഷ്യൽ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനും ട്രൈബ്യൂണലിൽ ഉൾപ്പെടും. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കുക.