ഒരിടത്തൊരിടത്ത് ക്രിക്കറ്റ് സാമ്രാജ്യം അടക്കിവാണിരുന്ന പ്രതാപശാലികളായ ഒരു സഖ്യമുണ്ടായിരുന്നു. ക്രിക്കറ്റിൽ പകരം വെയ്ക്കാനാകാത്ത കരുത്തിന് ഉടമകളായിരുന്നു അവർ. കളിക്കളത്തിലെ ഏത് പോരാളികളെയും ശൂലം കണക്കെ പാഞ്ഞുവരുന്ന പന്തുകൾകൊണ്ടും പ്രകമ്പനം കൊള്ളിക്കുന്ന ബാറ്റിങ്ങുകൊണ്ടും തൂത്തെറിഞ്ഞിരുന്നവർ. വലിയൊരു ആരാധകവൃന്ദം തന്നെ അവർക്ക് ചുറ്റും അണിനിരന്നിരുന്നു. ക്രിക്കറ്റിൽ ആ പോരാളികളുടെ പേരായിരുന്നു വെസ്റ്റ് ഇൻഡീസ്.
വെസ്റ്റ് ഇൻഡീസ് ഒരു രാജ്യമല്ല, മറിച്ച് ഒരു ദ്വീപ് സമൂഹമാണ്. വടക്കേ അമേരിക്കൻ വൻകരയുടെ ഭാഗമായ പ്രദേശം. ഏതാനും ദ്വീപ് രാഷ്ട്രങ്ങളും മറ്റു രാജ്യങ്ങളുടെ കീഴിലുള്ള ചില പ്രദേശങ്ങളും ചേർന്നൊരു സമൂഹം. മെൻ ഇൻ മെറൂൺ അല്ലെങ്കിൽ വിൻഡീസ് എന്ന് വിളിപ്പേരുള്ള വെസ്റ്റ് ഇൻഡീസിൻ്റെ പ്രധാന കായിക വിനോദം ക്രിക്കറ്റാണ്. വെറുമൊരു കായിക വിനോദം എന്നതിലപ്പുറം ക്രിക്കറ്റ് അവരുടെ സിരകളിലൂടെയായിരുന്നു പ്രവഹിച്ചിരുന്നത്. ലോകത്തിലെ അതിശക്തരായ ക്രിക്കറ്റർമാരായിരുന്ന ഗാർഫീൽഡ് സോബേഴ്സ്, ലാൻസ് ഗിബ്സ്, ജോർജ്ജ് ഹെഡ്ലി, ബ്രയാൻ ലാറ, വിവിയൻ റിച്ചാർഡ്സ്, ക്ലൈവ് ലോയ്ഡ്, മാൽക്കം മാർഷൽ, ആൽവിൻ കള്ളിചരൺ, ആൻഡി റോബർട്ട്സ്, രോഹൻ കൻഹായ്, ഫ്രാങ്ക് വോറൽ, ക്ലൈഡ് വാൽക്കോട്ട്, എവർട്ടൺ വീക്കസ്, കർട്ട്ലി ആംബ്രോസ്, മൈക്കൽ ഹോൾഡിംഗ്, കോർട്ട്നി വാൽഷ്, ജോയൽ ഗാർണർ, വെസ് ഹാൾ തുടങ്ങി നിരവധി പേരാണ് വെസ്റ്റ് ഇൻഡീസിൽ നിന്നും ഉയർന്നുവന്നത്.
ശക്തരായ പോരാളികളുടെ നീണ്ട നിരയോടൊപ്പം വിജയം മാത്രം രുചിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു വെസ്റ്റ് ഇൻഡീസിന്. 1970-കളുടെ പകുതി മുതൽ 1990-കളുടെ തുടക്കംവരെ ടെസ്റ്റിലും ഏകദിനത്തിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും ശക്തരായിരുന്ന ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്. ഏകദിനം ആരംഭിച്ച 1975-ലും 1979-ലും തുടർച്ചയായി ലോകകപ്പ് കിരീടം (പ്രുഡൻഷ്യൽ കപ്പ്) ചൂടിയത് ഇതേ വിൻഡീസ് കരുത്ത് തന്നെയായിരുന്നു. അതോടെ ലോകംതന്നെ ഈ കരീബിയൻ പടയെ ഉറ്റുനോക്കിക്കൊണ്ടിരുന്നു എന്നുവേണം പറയാൻ. ഓരോ മാച്ചിലും കിരീടം വച്ച രാജാക്കന്മാർ എന്ന പ്രയോഗം അന്വർത്ഥമാക്കുന്നതായിരുന്നു വിൻഡീസിന്റെ പ്രകടനം.
അങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന കാലത്ത് കരീബിയൻസിന് 1983-ലെ ലോകകപ്പിൽ ഇന്ത്യയോട് അടിയറവ് പറയേണ്ടിവന്നു. ബലഹീനരെന്ന് കരുതി ലോകം തഴഞ്ഞ് നിർത്തിയ ഇന്ത്യയുടെ കപിൽ പടയോടാണ് പരാജയം സമ്മതിച്ചത്. എന്നാൽ ആ വീഴ്ച വിൻഡീസിൻ്റെ പതനത്തിലേയ്ക്കുള്ള തുടക്കമായിരിക്കുമെന്ന് ആരും കരുതിയില്ല. മറുഭാഗത്ത് ദുർബലരെന്നും ചെറിയ രാജ്യമെന്നും മുദ്രകുത്തി മാറ്റിനിർത്തപ്പെട്ട കപിൽ ദേവ് കപ്പിത്താനായ ഇന്ത്യൻ ക്രിക്കറ്റ് ടീം തഴച്ച് വളരാനും തുടങ്ങി. എങ്കിലും തുടർച്ചയായി മൂന്ന് തവണ ലോകകപ്പ് ഫൈനലിലെത്തിയ ടീമെന്ന ഖ്യാതി വിൻഡീസിന് മാത്രം അവകാശപ്പെട്ടതായിരുന്നു.
വലിയ നേട്ടങ്ങൾ കൊയ്യുന്നതിനിടെ എപ്പോഴോ വെസ്റ്റ് ഇൻഡീസിന് കാലിടറി. അതോടെ ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ഇന്ത്യ തുടങ്ങിയ ടീമുകൾ മെല്ലെ മെല്ലെ ക്രിക്കറ്റിൽ തങ്ങളുടേതായ സ്ഥാനം പിടിച്ചെടുക്കാൻ തുടങ്ങി. വിൻഡീസിന്റെ കരുത്ത് ചോർന്നുതുടങ്ങുന്നത് ലോകം തിരിച്ചറിഞ്ഞു. ലോകകപ്പിലെ രണ്ട് കിരീടങ്ങൾ ഉയർത്തിയ കരീബിയൻസിന് വീണ്ടുമൊരു കിരീടം എന്നത് പിന്നീട് സ്വപ്നം മാത്രമായി അവശേഷിച്ചു. ഇക്കാലത്തിനിടെ ക്രിസ് ഗെയിൽ, കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, ബ്രയാൻ ലാറ, ശിവനരെയ്ൻ ചന്ദർപോൾ തുടങ്ങിയ പോരാളികളിലൂടെ കരീബിയൻ പട തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിച്ചു.
വലിയൊരു പതനത്തിന് ശേഷം 2012, 2016 എന്നീ വർഷങ്ങളിൽ ഡാരൻ സമിയുടെ കീഴിൽ വിൻഡീസ് ടി20 കിരീടം ഉയർത്തി. ഇതോടെ ക്രിക്കറ്റിലേക്ക് കരീബിയൻസ് അതിശക്തമായി മടങ്ങിവരുമെന്നാണ് ആരാധകർ കരുതിയിരുന്നതെങ്കിലും നിരാശയായിരുന്നു ഫലം. അതിന് പ്രധാനമായും വഴിവെച്ചത് 2007-ൽ വെസ്റ്റ് ഇൻഡീസിൽ വെച്ച് നടത്തിയ ഏകദിന ലോകകപ്പ് ആയിരുന്നു. ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടത്താൻ പണം തികയാതെ വന്നതോടെ വൻതുക കടമെടുത്ത് വിൻഡീസ് കിരീടപ്പോരാട്ടത്തിന് ആഥിത്യമരുളാനുള്ള ഒരുക്കങ്ങൾ നടത്തി. ഒന്നിനും ഒരു കുറവും വരുത്തിയില്ല. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു അന്ന് കരീബിയൻസിന് നേരിടേണ്ടിവന്നത്. ലോകം ഉറ്റുനോക്കിയിരുന്ന ഇന്ത്യ, പാക്കിസ്ഥാൻ ടീമുകൾ ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ പുറത്തായതോടെ വിൻഡീസ് ക്രിക്കറ്റ് ബോർഡിന് പ്രതീക്ഷിച്ച രീതിയിൽ ലോകകപ്പ് വിജയിപ്പിക്കാനും സാധിച്ചില്ല. ഇതോടെ താങ്ങാവുന്നതിലും അപ്പുറത്തുള്ള കടക്കെണിയിലേയ്ക്ക് അവർ കൂപ്പുകുത്തി.
പിന്നീടങ്ങോട്ട് വിവരണാതീതമായിരുന്നു വിൻഡീസിന്റെ പതനത്തിന്റെ ആഴം. ഒരു വശത്ത് തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ കണക്കെ കടക്കെണി, മറുവശത്ത് ടീമിലെ താരങ്ങളുടെ പ്രതിഫല തർക്കവും പിണക്കങ്ങളും. ഈ വെല്ലുവിളികളെ അതിജീവിക്കാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡിന് സാധിച്ചില്ല. കരുത്തരെന്ന് ലോകം വാഴ്ത്തിയവർ അങ്ങനെ കൂപ്പുകുത്തി. കരീബിയൻസ് ക്രിക്കറ്റിലെ പ്രതാപകാലം അവസാനിച്ചതോടെ ഇവയെല്ലാം സസൂക്ഷ്മം വീക്ഷിച്ചിരുന്നയും ക്രിക്കറ്റിനെ തഴഞ്ഞു.
2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത പോലും നേടാനാകാത്ത വിധത്തിൽ വെസ്റ്റ് ഇൻഡീസ് ഒതുങ്ങിപ്പോയതാണ് കരീബിയൻ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് പ്രേമികളുടെ നിരാശ. 48 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ആദ്യ കിരീട പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്.
കരീബിയൻസിന് ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ? മടങ്ങിയെത്തുമെന്ന് തന്നെയാണ് ആരാധകരുടേയും പ്രതീക്ഷ.. കാരണം പ്രതിഭകൾക്കൊണ്ട് കരുത്തരായവർക്ക് മടങ്ങിവരാതിരിക്കാനാവില്ല..