കുവൈത്തിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി സൈന്യത്തിന് ജാഗ്രതാ നിർദേശം നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളെ നേരിടാൻ എപ്പോഴും തയ്യാറായിരിക്കണമെന്ന് സായുധ സേനയോട് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ ഫഹദ് അൽ അഹമ്മദ് അൽ സബാഹാണ് നിർദേശിച്ചത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണമെന്നുമാണ് മന്ത്രി സായുധ സേനയോട് നിർദേശിച്ചത്. കഴിഞ്ഞ ദിവസം സൈനിക നടപടിയുടെ വിശദാംശങ്ങൾ വിലയിരുത്താനും അതിർത്തി മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിരോധ മന്ത്രാലയത്തിൽ യോഗം ചേർന്നിരുന്നു.
കുവൈത്തിന് നേരെയുള്ള ഏത് ഭീഷണിയും ആക്രമണവും ചെറുക്കാൻ സൈന്യം സജ്ജമാണ്. ലോകത്ത് നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രത പുലർത്താൻ കുവൈത്ത് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.