ജൂൺ അവസാനത്തോടെ ഗൾഫ് മേഖലയിൽ രണ്ടുമാസം നീളുന്ന വേനലവധി ആരംഭിക്കും. ഇതിനിടെ വന്നെത്തുന്ന ബലിപ്പെരുന്നാൾ അവധികൂടി കണക്കിലെടുത്ത് നാട്ടിലേക്ക് പോകാനുളള തയ്യാറെടുപ്പിലാണ് ഗൾഫ് പ്രവാസികൾ. സ്കൂളുകൾക്കും അവധി ലഭ്യമാകുന്നതോടെ കുടുംബസമേതമുളള യാത്രയാണ് മിക്കവരും ആസൂത്രണം ചെയ്യുന്നത്.
ജൂൺ 28ന് യുഎഇയിലും ജൂൺ 15ന് ഖത്തറിലും മധ്യവേനലവധി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.അതിന് മുമ്പ് തന്നെ ആദ്യടേം പരീക്ഷകളും സ്കൂളുകളിൽ പൂർത്തിയാകും.ഓഗസ്റ്റ് അവസാനത്തോടെയാകും സ്കൂൾ പ്രവർത്തി ദിനങ്ങൾ പുനരാരംഭിക്കുക. വാർഷികാവധി മുന്നിൽകണ്ട് വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്ന പ്രവണതയും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ അവധിക്കാല ടൂറിസം പാക്കേജുകളും മറ്റും ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചുതുടങ്ങി. അവധിക്കാല വിനോദ സഞ്ചാരത്തിനായി എത്തുന്നവരെ കണക്കിലെടുത്താണ് ജിസിസി രാജ്യങ്ങളിലെ ആഘോഷങ്ങൾ. ഹോട്ടലുകളിലും മറ്റും ടൂറിസം പാക്കേജുകളും പ്രഖ്യാപിക്കും. അയൽ രാജ്യങ്ങളിൽ നിന്നെത്തുവർക്കായി ടൂറിസം വകുപ്പുകളും പദ്ധതികൾ തയ്യാറാക്കും. അതേസമയം ചൂടുകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും യാത്ര ആസൂത്രണം ചെയ്യുന്ന പ്രവാസികളുടെ എണ്ണം കൂടിവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.