നിക്ഷേപകര്‍ക്ക് സംയോജിത പ്ലാറ്റ്ഫോം സംവിധാനവുമായി യുഎഇ. വിവിധ മേഖലകളിൽ വിജയകരമായി നിക്ഷേപം നടത്താൻ നിക്ഷേപകരെ സഹായിക്കുന്ന തരത്തിലാണ് ഏകജാലക സംവിധാനം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.
സാമ്പത്തിക , സാങ്കേതികവിദ്യ, വിനോദ സഞ്ചാരം, ഉൽപ്പാദനം, പുനരുപയോഗ ഊർജം , വിദ്യാഭ്യാസം, കൃഷി, ക്രിയേറ്റീവ് വ്യവസായം തുടങ്ങിയ സുപ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്ളാറ്റ്ഫോം ഏകജാലക ഷോപ്പായി പ്രവർത്തിക്കും. നിക്ഷേപകർക്ക് സഹായകരമാകുന്ന വിവരങ്ങൾ സമഗ്രമായി സംയോജിപ്പിച്ച് ലഭ്യമാക്കുന്നതാണ് പ്രധാന സവിശേഷത.
ഒരോ മേഖലയിലേയും അവസരങ്ങൾ ഉയര്‍ത്തിക്കാട്ടാനും വിവരങ്ങൾ കൈമാറാനും സംയോജിത സംവിധാനത്തിന് കഴിയും. വിദേശ നിക്ഷേപകർക്കും പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്താം. യു.എ.ഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുക.